Friday, 24 June 2016

അബൂ ബക്കറിനെ ഖലീഫയായി തിരഞ്ഞെടുക്കപ്പെട്ടതോ സ്വയം പ്രഖ്യാപിക്കപ്പെട്ടതോ?

ആമുഖം


ഇസ്ളാമിക ലോകത്തെ നേതാവിനെ അഭിസംബോധന ചെയ്യുന്ന പേരാണ് ഖലീഫ. പ്രവാചകൻ മരണപ്പെട്ടതിനു ശേഷം ആദ്യ ഖലീഫാ സ്ഥാനം വഹിച്ചത് പ്രവാചകപത്നി ആയിഷയുടെ വാപ്പയായ അബൂ ബക്കർ സിദ്ധീഖാണ്. എന്നാൽ ആദ്യ ഖലീഫ ആകേണ്ടിയിരുന്നത് പ്രവാചകന്റെ അനന്തരവനും മരുമകനായ അലിയായിരുന്നു എന്ന വിഷയത്തിലാണ് ഇസ്‌ലാമിക ലോകം സുന്നി -ഷിയാ എന്നീ രണ്ടു വിഭാഗമായി തിരിഞ്ഞത്.

ഇതിന്റെ തുടർച്ച എന്നോണമാണ് പ്രവാചക പത്നിയായ ആയിഷയും പ്രവാചകന്റെ മരുമകനായ അലിയും തമ്മിൽ ജമൽ(ഒട്ടകം) യുദ്ധം നടന്നത്. ആ യുദ്ധത്തിൽ രണ്ടു പക്ഷത്തു നിന്നുമുള്ള പ്രവാചകന്റെ സ്വഹാബികൾ(അനുചരന്മാർ) മരണപ്പെടുകയുകയും അലിയുടെ സംഘം (ശീഅത്തു അലി - അഥവാ ചുരുക്കത്തിൽ - ഷിയാ)  വിജയിക്കുകയും ചെയ്‌തു.

അന്ന് തൊട്ട് ഇങ്ങോട്ട് സുന്നി-ഷിയാ വിഭാഗങ്ങൾ തമ്മിൽ പോരാടിക്കൊണ്ടിരിക്കുന്നു. പ്രവാചക പത്നിയും ഉമറും ചേർന്ന് ഗൂഡാലോചന നടത്തിയാണ് അലിക്ക് പകരം അബൂ ബക്കറിന് ആദ്യ ഖലീഫയായി തിരഞ്ഞെടുത്തത് എന്നാണ് ഷിയാ വിഭാഗത്തിന്റെ ആരോപണം. ഈ വിഷയത്തിൽ സുന്നി ഗ്രന്ഥങ്ങളിൽ നിന്നും നിജസ്ഥിതി മനസ്സിലാക്കുവാനുള്ള ശ്രമമാണ് ഈ ബ്ലോഗ്.

ഖലീഫ പ്രഖ്യാപനം - ഒരു അവലോകനം 


അബൂ ബക്കറിനെ ഖലീഫയായി തിരഞ്ഞെടുക്കുകയല്ല, മറിച്ചു ഖലീഫയായി പ്രഖ്യാപിക്കപ്പെടുകയാണുണ്ടായത്. കാരണം തിരഞ്ഞെടുക്കുക എന്നു പറയണമെങ്കിൽ ജനങ്ങൾക്കെല്ലാം അവസരം ലഭിക്കുകയും അവരെല്ലാം ചേർന്നു ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കുമ്പോഴാണ്. എന്നാൽ ഇവിടെ സംഭവിച്ചത് മറിച്ചാണ്.

ഉമർ (റ) പറഞ്ഞു: ".... സംശയം വേണ്ട, പ്രവാചകന്റെ മരണശേഷം അൻസാറുകൾ ഞങ്ങളോട് വിയോജിക്കുകയും ബനി സഅദയുടെ അടുക്കൽ ഒത്തുചേരുകയും ചെയ്തു എന്ന് ഞങ്ങൾക്ക് വിവരം കിട്ടി. 

.. അൻസാറുകളിൽപെട്ട ഒരാൾ പറഞ്ഞു: "ഞങ്ങൾ അല്ലാഹുവിന്റെ അൻസാറുകളാണ്, ഞങ്ങൾ തന്നെയാണ് മുസ്ലിം സൈന്യത്തിന്റെ ഭൂരിഭാഗവും, അതേസമയം, കുടിയേറിപാർത്ത നിങ്ങൾ വളരെ ചെറിയ സമൂഹമാണ്. അതേ പോലെ നിങ്ങളിൽ നിന്ന് ചിലർ ഇവിടെ വന്നിരിക്കുന്നത് ഞങ്ങൾ ഉദ്ദേശിച്ചത് തടയാനും അത് ഞങ്ങളിൽ നിന്നും കവരുവാനുമാണ്"...

.. അദ്ദേഹം (അബു ബക്കർ) പറഞ്ഞു. "അല്ലയോ അൻസാറുകളേ, നിങ്ങൾ എല്ലാം അർഹിക്കുന്നു. പക്ഷെ, ഇത് ഖുറൈശികൾക്ക് മാത്രം അവകാശപ്പെട്ടതിനെ കുറിച്ചുള്ള ചോദ്യമാണ്, കാരണം കുടുംബവും പാരമ്പര്യവും കണക്കിലെടുക്കുമ്പോൾ അവരാണ് അറബികളിൽ ഏറ്റവും ഉത്തമർ"...

അപ്പോൾ അൻസാറുകളിൽ നിന്നും ഒരാൾ പറഞ്ഞു:".... അല്ലയോ ഖുറൈശികളേ, നിങ്ങളിൽ നിന്നും ഞങ്ങളിൽ നിന്നും ഓരോ ഭരണാധികാരിയെ തെരഞ്ഞെടുക്കുകയാണ് വേണ്ടത്".

അപ്പോൾ ഞാൻ (ഉമർ) പറഞ്ഞു: "അല്ലയോ അബൂ ബക്കർ, താങ്കൾ കൈ നീട്ടുക". അപ്പോൾ അബൂ ബക്കർ കൈ നീട്ടി. ഞാൻ അദ്ദേഹത്തോട് പ്രതിഞ്ച ചെയ്തു. അതിനു ശേഷം എല്ലാ കുടിയേരിപ്പാർത്തവരും അദ്ദേഹത്തോട് പ്രതിഞ്ച ചെയ്തു, ശേഷം എല്ലാ അൻസാരുകളും.

ഉമർ പറയുന്നു: "അല്ലാഹുവാണേ, പ്രവാചകന്റെ മരണശേഷം അബൂ ബക്കറിന്റെ പ്രതിഞ്ചയേക്കാൾ വലിയൊരു പ്രശ്നം ഉണ്ടായിട്ടില്ല. കാരണം, ഞങ്ങൾ ജനങ്ങളെ വെറുതേ വിട്ടിരുന്നെങ്കിൽ, അവർ അവരിൽ നിന്നുള്ള ഒരാളോട് പ്രതിഞ്ച ചെയ്തേനെ. അങ്ങനെ ഒന്നുകിൽ ഞങ്ങളുടെ യഥാർത്ഥ ആഗ്രഹത്തിന് എതിരായി ഞങ്ങൾ അയാളോട് പ്രതിഞ്ച ചെയ്യുകയോ, അയാളെ എതിർക്കുകയോ ചെയ്തേനെ, അങ്ങനെ വലിയൊരു കുഴപ്പം ഉണ്ടാകുമായിരുന്നു...."
[സഹീഹ് ബുഖാരി 86.57, 62.19]

അൻസാറുകളിൽ നിന്നും ഖുറൈശികളിൽ നിന്നും ഓരോ നേതാവിനെ തിരഞ്ഞെടുക്കുവാനാണ് അൻസാറുകൾ ആവശ്യപ്പെട്ടത്. എന്നാൽ ഖുറൈശികൾ മറ്റുള്ളവരെക്കാൾ ശ്രേഷ്ഠരാണ് എന്നു വാദിച്ച് ഉമറും അബൂ ബക്കറും ചേർന്ന് മുസ്ലിം ഭൂരിപക്ഷമായ അൻസാറുകളുടെ തീരുമാനത്തിനെതിരെ അബൂ ബക്കറിനെ ഖലീഫയായി പ്രഖ്യാപിക്കുകയാണുണ്ടായത് എന്ന് ഈ ഹദീയിൽ നിന്നും വളരെ വ്യക്തമാണ്.

അതോടൊപ്പം തന്നെ ജനങ്ങൾ അവരുടെ ആഗ്രഹത്തിന് മറ്റാരെയെങ്കിലും തിരഞ്ഞെടുത്തിരുന്നെങ്കിൽ വലിയൊരു കുഴപ്പം ഉണ്ടായേനെ എന്നു കൂടി ഉമർ പറയുന്നത് ശ്രദ്ധേയമാണ്.

പ്രവാചക കുടുംബത്തോട് അഭിപ്രായം ചോദിച്ചില്ല 


അബൂ ബക്കറിനെ ഉമർ ഖലീഫയായി പ്രഖ്യാപിച്ചത് അൻസാറുകളുടെ മാത്രമല്ല നബി കുടുംബത്തിന്റെ പോലും അഭിപ്രായത്തിനു എതിരെ ആയിരുന്നു.

... അലി(റ) അബൂ ബക്കറിനോട്(റ) പറഞ്ഞു. "താങ്കളുടെ പ്രാധാന്യം അല്ലാഹു താങ്കൾക്കു നൽകിയതും ഞങ്ങൾക്ക് നല്ല പോലെ അറിയാം, അല്ലാഹു താങ്കൾക്ക് നൽകിയ നന്മകൾക്ക് ഞങ്ങൾക്ക് അസൂയയുമില്ല. എന്നാൽ ആര് ഭരിക്കും എന്ന കാര്യത്തിൽ താങ്കൾ ഞങ്ങളോട് അഭിപ്രായം ചോദിച്ചില്ല. കാരണം, അല്ലാഹുവിന്റെ പ്രവാചകനോടുള്ള അടുത്ത ബന്ധം വെച്ച് ഞങ്ങൾക്ക് അതിലൊരു അവകാശമുണ്ട് എന്നാണ് ഞങ്ങൾ കരുതിയത്... [ബുഖാരി 64.278]  

പ്രവാചകന്റെ മകളായ ഫാത്തിമയോടോ അനന്തിരവനും മരുമകനായ അലിയോടോ അഭിപ്രായം ചോദിക്കാതെയാണ് അബൂ ബക്കറിനെ ഖലീഫയായി പ്രഖ്യാപിച്ചത് എന്നും ഈ ഹദീസിൽ നിന്നും വ്യക്തമാണ്.

അലി ആറു മാസക്കാലം അബൂ ബക്കറിന്റെ ഖിലാഫത് അംഗീകരിച്ചില്ല.


അബൂ ബക്കറിനെ ഖലീഫയായി പ്രഖ്യാപിച്ചുവെങ്കിലും അലിയോ പ്രവാചകന്റെ മകളായ  ഫാത്തിമയോ നബിയുടെ കുടുംബത്തിലുള്ള മറ്റുള്ളവരോ അദ്ദേഹത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നില്ല.

"..ഫാത്തിമ പ്രവാചകന്റെ മരണശേഷം ആറു മാസമാണ് ജീവിച്ചിരുന്നത്. അവർ (ഫാത്തിമ) മരിച്ചപ്പോൾ അവരുടെ ഭർത്താവ് അലി(റ) രാത്രി തന്നെ അവരെ ഖബറടക്കുകയും മയയത് നമസ്കരിക്കുകയും ചെയ്തു. അബൂ ബക്കറിനെ അദ്ദേഹം ഇത് അറിയിച്ചതുമില്ല. ഫാത്തിമ ജീവിച്ചിരുന്നപ്പോൾ ജനങ്ങൾ അലിയെ ധാരാളമായി ബഹുമാനിക്കുമായിരുന്നു. എന്നാൽ ഫാത്തിമയുടെ മരണശേഷം ജനങ്ങളുടെ പെരുമാറ്റത്തിൽ അദ്ദേഹത്തിനു വിത്യാസം അനുഭവപ്പെട്ടു. അതിനാൽ അലി അബൂ ബക്കറിനോട് അനുരഞ്ചനം തേടുകയും അദ്ദേഹത്തോട് പ്രതിഞ്ച്യ എടുക്കുകയും ചെയ്തു. അത്രയും മാസക്കാലം അലി അബൂ ബക്കറിനോട് പ്രതിഞ്ച്യ ചെയ്തിരുന്നില്ല... [ബുഖാരി 64.278] 

പ്രവാചകന്റെ മകളായ ഫാത്തിമ മരണപ്പെട്ടതിനു ശേഷം, അഥവാ അബൂ ബക്കറിനെ ഖലീഫയായി പ്രഖ്യാപിച്ചതിനു ശേഷം ആറു മാസത്തിനു ശേഷമാണ് അലി ഖലീഫയായ അബൂ ബക്കറിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. 
   

പ്രവാചകന്റെ പിൻഗാമി ?


പ്രവാചകന്റെ മരണശേഷം തന്നെ അലിയാണ് അദ്ദേഹത്തിൻറെ പിൻഗാമി എന്ന അഭിപ്രായം ജനങ്ങൾക്കിടയിലുണ്ടായിരുന്നു.  

ആയിശ(റ)യുടെ സാനിദ്ധ്യത്തിൽ വെച്ച് അലി(റ)യെ പ്രവാചകൻ(സ) തന്റെ പിൻഗാമിയായി നിശ്ചയിച്ചിരുന്നു എന്ന് സൂചിപ്പിക്കുകയുണ്ടായി. അപ്പോൾ അവർ പറഞ്ഞു: "ആരാണ് അങ്ങനെ പറഞ്ഞത്?. പ്രവാചകൻ എന്റെ നെഞ്ചിനോട് ചേർന്നാണ് കിടന്നത്. അദ്ദേഹം ഒരു തളിക ആവശ്യപ്പെട്ടു, എന്നിട്ട് ഒരു വശത്തേക്ക് വീഴുകയും മരണപ്പെടുകയും ചെയ്തു. ഞാൻ അതറിഞ്ഞതുമില്ല. അപ്പോൾ എങ്ങനെയാണ് അദ്ദേഹം അലി(റ)യെ പിൻഗാമിയായി തിരഞ്ഞെടുത്തത്?. [സഹീഹ് ബുഖാരി 64.475, 55.4, സഹീഹ് മുസ്ലിം 25.28]        

എന്നാൽ ഇത്തരമൊരു വാദത്തെ എതിർത്തത് പ്രവാചകപത്നി ആയിഷയാണ്.  പ്രവാചകൻ അലിയെ പിൻഗാമിയായി നിശ്ചയിച്ച കാര്യം താൻ അറിഞ്ഞിട്ടില്ല എന്നതായിരുന്നു അതിനായി അവർ പറഞ്ഞ കാരണം.

അലി അല്ലാതെ മറ്റാരും പ്രവാചകനെ പ്രതിനിധീകരിക്കുവാൻ പാടില്ല.                                    


താനോ അലിയോ അല്ലാതെ മറ്റാരും തന്നെ പ്രതിനിധീകരിക്കരുത് എന്നും പ്രവാചകൻ പറഞ്ഞതായി ഹദീസുകളിൽ കാണുവാൻ സാധിക്കും.

പ്രവാചകൻ പറഞ്ഞു: "അലി എന്നിൽ നിന്നും ഞാൻ അലിയിൽ നിന്നുമാണ്. ഞാനോ അലിയോ അല്ലാതെ മറ്റാരും എന്നെ പ്രതിനിധീകരിക്കരുത്." [തിർമിദി 49.1085, സുനൻ ഇബ്നു മാജ 1.125]  

അലിയുടെയോ പ്രവാചകന്റെ കുടുംബത്തിലുള്ള മറ്റുള്ളവരുടെയോ അഭിപ്രായം ചോദിക്കാതെ ഉമറും അബൂ ബക്കറും ചേർന്ന് ഖലീഫയെ പ്രഖ്യാപിച്ചതിന്റെ കാരണം ഈ ഹദീസുകളിൽ നിന്നെല്ലാം വ്യക്തമായി മനസ്സിലാക്കാവുന്നതാണ്.

ഉപസംഹാരം


ഈ ഹദീസുകളിൽ നിന്നെല്ലാം ഷിയാ (ശീഅത്തു അലി) മുസ്ലിങ്ങൾ ആരോപിക്കുന്നത് പോലെ ഖലീഫ പ്രഖ്യാപനം ഇസ്‌ലാമിക ചരിത്രത്തിലെ തന്നെ ഒരു ഗൂഡാലോചനയുടെ ഫലമാണ് എന്നും ഖലീഫയെ മുസ്ലിം ഭൂരിപക്ഷം തിരഞ്ഞെടുത്തതല്ല എന്നു മനസ്സിലാകുന്നതാണ്.

ഇവിടെ പ്രതിപാദിച്ച ഹദീസുകൾ എല്ലാം തന്നെ സുന്നി മുസ്ലിങ്ങളുടെ ഹദീസ് ഗ്രന്ഥങ്ങളിൽ നിന്നുമുള്ളതാണ്. അതിൽ ഭൂരിഭാഗവും പൂർണ്ണമായും സ്വഹീഹ്(ആധികാരികം) എന്നു സുന്നി മുസ്ലിങ്ങൾ അവകാശപ്പെടുന്ന സഹീഹ് ബുഖാരി, സഹീഹ് മുസ്ലിം എന്നീ ഗ്രന്ഥങ്ങളിൽ നിന്നുമുള്ളതാണ്.