Thursday, 12 July 2018

ഖുർആനും മനുഷ്യ കൈകടത്തലും - ഭാഗം 1 : സംരക്ഷണരീതി

ഖുർആനിനെ അല്ലാഹു തന്നെ സംരക്ഷിക്കുമെന്ന് ഖുർആനിൽ പറഞ്ഞിരിക്കുന്നത് തന്നെയാണ് ഇസ്‌ലാം മത വിശ്വാസികൾ ഖുർആനിൽ യാതൊരുവിധ തെറ്റുകളോ കുറവുകളോ ഇല്ല എന്ന് വിശ്വസിക്കാൻ കാരണം.

തീര്‍ച്ചയായും നാമാണ് ഈ ഉല്‍ബോധനം (ഖുര്‍ആന്‍) ഇറക്കിയത്. നാം തന്നെ അതിനെ കാത്തുരക്ഷിക്കുകയും ചെയ്യും. 15.9

തീർച്ചയായും ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം അത് മതിയായ തെളിവ് തന്നെയാണ്.

ഇനി ഖുർആനിനെ സംരക്ഷിക്കും എന്ന് പറഞ്ഞിരിക്കുന്നത് എങ്ങനെയാണെന്ന് പരിശോധിക്കാം.

ഖുർആനിൽ തെറ്റുകൾ കടന്നു കൂടാതെ അഥവാ മനുഷ്യരുടെ കൈകടത്തലുകൾ കടന്നു കൂടാതെ സംരക്ഷിക്കപ്പെടും എന്ന് തന്നെയാണ് ഇത് കൊണ്ടുള്ള ഉദ്ദേശം എന്നതിൽ തർക്കമില്ല.

ഇനി ഒരാൾ ഒരു ഖുർആൻ എടുത്ത് അതിലെ ഒരു വചനം മാറ്റിയെഴുതി അച്ചടിച്ചാലോ?

അവിടെയാണ് ഖുർആനിൻ്റെ സംരക്ഷണ രീതിയുടെ പ്രസക്തി. ഖുർആൻ തലമുറകൾ കൈമാറി വന്നത് മനഃപാഠമായിട്ടാണ്. ഇന്നും ഖുർആൻ മനഃപാഠമാക്കിയ ധാരാളം ആളുകളെ കാണുവാൻ സാധിക്കും.

മസ്‌ജിദുകളിലും പോയവർക്ക് അറിയാം, ഇമാമിന് ഖുർആൻ ഓതുമ്പോൾ ഒരു തെറ്റ് പറ്റിയാൽ അത് പിന്തുടരുന്ന ഒന്നോ അതിലധികമോ വരുന്ന ആളുകൾ തിരുത്തി കൊടുക്കുന്നത് ഒരിക്കലെങ്കിലും കേട്ടിട്ടുള്ളവർ ആയിരിക്കും  ഭൂരിഭാഗം വരുന്നപുരുഷന്മാരും. (സ്ത്രീകൾ ധാരാളമായി പള്ളികളിൽ പോകുന്ന ഇടങ്ങളിലെ സ്ത്രീകളും)

മാത്രമല്ല, പ്രവാചകൻ മരിക്കുമ്പോൾ ഖുർആൻ ഒരു ഗ്രന്ഥ രൂപത്തിലായി ക്രോഡീകരിച്ചിരുന്നില്ല എന്നത് കൂടി ഇവിടെ ചേർത്തു വായിക്കേണ്ടതാണ്.

പ്രവാചകന്റെ മരണ ശേഷം ഖലീഫയായി പ്രഖ്യാപിക്കപ്പെട്ട (തിരഞ്ഞെടുക്കപ്പെട്ടതല്ല - അതിനെ കുറിച്ച് ഇവിടെ വായിക്കാവുന്നതാണ്) അബൂ ബക്കറിൻറെ നേതൃത്തത്തിൽ  കുറഞ്ഞത് രണ്ടു പേരെങ്കിലും ഇത് ഖുർആനിൻറെ ഭാഗമാണ് എന്ന് സാക്ഷ്യപ്പെടുത്തിയതിനു ശേഷമാണ് ഓരോ ആയത്തും ഖുർആനിൽ ചേർത്തത്. ഒരു യുദ്ധത്തിൽ ഖുർആൻ മനഃപാഠമാക്കിയ ധാരാളം മുസ്ലിങ്ങൾ മരണപ്പെട്ടപ്പോഴാണ് അദ്ദേഹം ഇത്തരമൊരു തീരുമാനമെടുത്തത്. (ബുഖാരി 6.60.201) 

അത് കൊണ്ട് തന്നെ ഇന്ന് നിലവിലുള്ള എല്ലാ ഖുർആനുകളും അഥവാ അത് അച്ചടിച്ച ഗ്രന്ഥങ്ങളും (മുസ്ഹഫ്) കത്തിച്ചാൽ പോലും ഖുർആൻ നഷ്ടപ്പെടില്ല. ഇന്ന് ജീവിച്ചിരിക്കുന്ന ലക്ഷകണക്കിന് ആളുകളുടെ മനസ്സിൽ ഖുർആൻ സുരക്ഷിതമാണ്.

അപ്പോൾ ഖുർആൻ സംരക്ഷിക്കപ്പെടുക എന്ന് പറഞ്ഞാൽ അത് ഇന്ന് കാണുന്ന മുസ്ഹഫ് അല്ല.

ഖുർആൻ സംരക്ഷിക്കുക എന്ന് പറഞ്ഞാൽ അതിലെ വചനങ്ങളെ സംരക്ഷിക്കുക എന്നാണു. അതിനു നില നിന്ന് വന്ന രീതി അത് മനഃപാഠമാക്കുക എന്നതാണ്.     

അത് കൊണ്ട് തന്നെ ഖുർആനിൽ ആർക്കും അത്ര എളുപ്പത്തിൽ ഒന്നും ചേർക്കുവാനോ എടുത്തു കളയുവാനോ സാധിക്കില്ല.

എന്നാലിന്ന് ആധികാരികമെന്ന് വിശ്വസിക്കപ്പെടുന്ന ഖുർആൻ ഒന്നല്ല. 10 ഓളം പതിപ്പികളുണ്ട്. അവയിൽ ഏറ്റവും പ്രാധാന്യമേറിയത് ഹഫ്‌സ് എന്നും വർശ് എന്നും അറിയപ്പെടുന്നവയാണ്. അതിനെ കുറിച്ച് ഞാൻ രണ്ടാമത്തെ ഭാഗത്തിൽ പറയാം.

No comments:

Post a Comment