Friday, 13 July 2018

ഖുർആനും മനുഷ്യ കൈകടത്തലും - ഭാഗം 4 : നഷ്ടപ്പെട്ടുപോയ വചനങ്ങൾ


പ്രവാചകൻ  മരിക്കുമ്പോൾ ഖുർആൻ പുസ്തകരൂപത്തിൽ ആക്കപ്പെട്ടിരുന്നില്ല എന്ന് ഒന്നാം ഭാഗത്തിൽ പറഞ്ഞിരുന്നുവല്ലോ. (ബുഖാരി 6.60.201) 

അബൂബക്കറിന്റെ നേതൃത്തത്തിൽ തയ്യാറാക്കിയ ആദ്യ ഖുർആനിൽ അഥവാ മുസ്ഹഫിൽ പ്രവാചകന് അവതരിച്ച എല്ലാ വചനങ്ങളും ഇല്ലായിരുന്നു. ഇതും ഭൂരിഭാഗം വിശ്വാസികൾക്കും ഒരു പുതിയ അറിവായിരിക്കും. ഇത് സുന്നി ഇസ്‌ലാമിക പണ്ഡിതന്മാരെല്ലാം ഐക്യകണ്ടെന അംഗീകരിക്കുന്ന കാര്യമാണ്. പൊതു ജനങ്ങളിലേക്ക് എത്തിക്കാറില്ല എന്ന് മാത്രം.  ഇതിന്റെ തെളിവുകൾ ഞാൻ ചുവടെ കൊടുത്തിട്ടുണ്ട്. 

രണ്ടാം ഖലീഫയായ ഉമർ റിപ്പോർട്ട് ചെയ്ത ഹദീസ് കാണുക:  "വിവാഹിതരായവർ വ്യഭിചാരം ചെയ്‌താൽ അവരെ കല്ലെറിഞ്ഞു കൊല്ലുവാനുള്ള വചനവും ഖുർആനിൽ അവതരിച്ചിരുന്നു. അത് പ്രവാചകൻ നടപ്പിലാക്കുകയും ചെയ്‌തിരുന്നു. കാലങ്ങൾക്ക് ശേഷം വരുന്നവർ ആ വചനം ഖുർആനിൽ ഇല്ലല്ലോ എന്നും പറഞ്ഞു അത് നടപ്പിലാകാതെയിരിക്കുമോ എന്നും ഞാൻ ഭയപ്പെടുന്നു." (ബുഖാരി 8.82.817) 

വിവാഹത്തിന് ശേഷം വ്യഭിചാരം ചെയ്തവരെ കല്ലെറിഞ്ഞു കൊല്ലണം എന്നത് ഇസ്‌ലാമിക നിയമമായി ഇസ്‌ലാമിക രാജ്യങ്ങളിൽ ചിലതിൽ നടപ്പിലാക്കുന്നുണ്ട്. അതിനു ഹദീസുകളാണ് ആധാരം. കാരണം അത്തരത്തിലൊരു നിയമം ഖുർആനിൽ ഇന്ന് കാണുവാൻ സാധിക്കില്ല.

പ്രവാചകന്റെ ഭാര്യയായ ആയിഷ ഇപ്രകാരം പറഞ്ഞിട്ടുണ്ട്:
"ഒരാൾക്ക് ഒരു സ്ത്രീ പത്തു തവണ മുലപ്പാൽ കൊടുത്തിട്ടുണ്ടെങ്കിൽ, ആ സ്ത്രീയെ അയാൾ വിവാഹം കഴിക്കുന്നത് വിലക്കിയിട്ടുള്ള വചനം ഖുർആനിൽ അവതരിച്ചിരുന്നു. അതിനു ശേഷം അത് അഞ്ചു തവണയായി ചുരുക്കിയുമുള്ള വചനം അവതരിച്ചു. പ്രവാചകന്റെ മരണത്തിനു മുൻപ് അത് ഖുർആനിൽ ഉണ്ടായിരുന്നു". (മുസ്ലിം 8.3421) 

മുലകുടി ബന്ധം മുൻകാലത്ത് ഇസ്‌ലാമിൽ നിലനിന്നിരുന്നതാണ്. ഇന്നും ചിലയിടങ്ങളിൽ നിലനിൽക്കുന്നുണ്ട്. പ്രവാചകന് പോലും മുലപ്പാൽ കൊടുത്തു വളർത്തിയത് മറ്റൊരു സ്ത്രീയായിരുന്നുവല്ലോ. ഇതുമായി ബന്ധപ്പെട്ടു അവതരിച്ച ഖുർആൻ ആയതാണ് ഇന്ന് നാം കാണുന്ന ഖുർആനിൽ ഇല്ലാത്തത്. 

ഇനി മറ്റു ചില വചനങ്ങളെ കുറിച്ച് കൂടി താഴെ കൊടുത്തിട്ടുണ്ട്.

ബറാഅത് സൂറത്തിന്റെ നീളത്തിലും കാഠിന്യത്തിലുമുള്ള മറ്റൊരു സൂറത്തുണ്ടായിരുന്നു എന്നാൽ ഞങ്ങളത് മറന്നു പോയി. അത് പോലെ തന്നെ മുസബ്ബിത് സൂറത്തിനോട് സാദൃശ്യമുള്ള മറ്റൊരു സൂറത്തും ഞങ്ങൾ ഓതുമായിരുന്നു, അതും ഞങ്ങൾ മറന്നു പോയി. അവയിൽ നിന്നെല്ലാം വളരെ കുറച്ചു മാത്രം ഓർമയുണ്ട്. (മുസ്ലിം 5.2286)

ചില വചനങ്ങൾ ഖുർആനിന്റെ ഭാഗമാണോ അല്ലയോ എന്ന് സഹാബിമാർക്കു തന്നെ സംശയം ഉണ്ടായിരുന്നു. (മുസ്ലിം 5.2285)

ഇതുപോലെയുള്ള ഒരുപാട് ആയത്തുകളെ കുറിച്ച് ഹദീസുകളിൽ കാണുവാൻ സാധിക്കും. രണ്ടാം ഖലീഫയായ ഉമറിന്റെ മകൻ അബ്ദുള്ള പറഞ്ഞതായി ഇമാം സുയൂത്തി ഇപ്രകാരം രേഖപ്പെടുത്തിയിട്ടുണ്ട്.

"നിങ്ങളിലാരും എനിക്ക് ഖുർആൻ മുഴുവനും ലഭിച്ചു എന്ന് പറയരുത്, മറിച്ചു ഖുർആനിൽ നിന്നും എന്ത് അവശേഷിച്ചോ അത് ലഭിച്ചു എന്നേ പറയാവൂ. കാരണം ഖുർആനിൽ നിന്നും അധികമായി നമുക്ക് നഷ്ടപ്പെട്ടു പോയി".
(ഉലൂമുൽ ഖുർആൻ വാല്യം 2: പേജ് 25)

ഖുർആൻ നഷ്ടപ്പെട്ടു പോയോ എന്ന ചിന്ത ഒരു വിശ്വാസിയിൽ ചില സംശയങ്ങൾക്കും അല്ലെങ്കിൽ ഈ വായിച്ചതെല്ലാം ഉൾകൊള്ളുവാനുള്ള ബുദ്ധിമുട്ടും ഉണ്ടാക്കിയേക്കാം. എന്നാൽ ഇതിനു പരിഹാരമായി ഇസ്‌ലാമിക പണ്ഡിതന്മാർ താഴെ കൊടുത്തിരിക്കുന്ന വചനമാണ് ഉദ്ധരിക്കാറുള്ളത്.

"ഏതെങ്കിലും വചനത്തെ നാം ദുർബലമാകുകയോ മറപ്പിക്കുകയോ ചെയ്യുകയാണെങ്കിൽ പകരം തുല്യമായതോ അതിനേക്കാൾ മികച്ചതോ നാം കൊണ്ട് വരുന്നതാണ്. നിനക്കറിയില്ലേ അല്ലാഹു എല്ലാ കാര്യത്തിനും കഴിവുറ്റവനാണെന്ന്." (ഖുർആൻ 2.106)

അഥവാ ദുർബലമാക്കപ്പെട്ടതോ മറന്നു പോയതോ നഷ്ടപ്പെട്ടതോ ആയ വചനങ്ങൾക്ക് പകരമായതോ അല്ലെങ്കിൽ അതിനേക്കാൾ മികച്ചതോ ആയ വചനങ്ങൾ ഖുർആനിൽ അല്ലാഹു കാത്തു സംരക്ഷിച്ചിട്ടുണ്ട് എന്ന് ചുരുക്കം.

പ്രവാചകന അവതരിച്ച ഖുർആനും ഇന്ന് നിലനിൽക്കുന്ന ഖുർആനും തമ്മിൽ ഒരു മാറ്റവുമില്ല എന്ന അവകാശം പൊള്ളയാണെന്ന് ഇതിൽ നിന്നെല്ലാം വളരെ വ്യക്തമായി മനസ്സിലാക്കാവുന്നതാണ്. ഖുർആനിന്റെ ശാസ്ത്രവും ചരിത്രവും അൽപമെങ്കിലും  പഠിച്ചിട്ടുള്ളവർക്കെല്ലാം  ഇത് അറിയാവുന്ന വസ്തുതയാണ്.

പ്രവാചൻറെ കാലത്തു തന്നെ ഒന്നിലധികം ഖുർആൻ ഉണ്ടായിരുന്നു എന്നും പ്രവാചകനറെ കാലത്തുണ്ടായിരുന്ന ഖുർആൻ പൂർണ്ണമായി ഇന്ന് നിലനിൽക്കുന്നുമില്ല എന്നും മനസ്സിലാക്കിയ വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഇന്നത്തെ ഒന്നിലധികം ഖുർആനിനെ കുറിച്ച് അധികം ഇനി വ്യാകുലപ്പെടുമെന്ന്  തോന്നുന്നില്ല.

ഇനി ഇന്ന് നിലനിൽക്കുന്ന ഹഫ്‌സിനെയും വർഷിനെയും കുറിച്ച് അടുത്ത ഭാഗത്തിൽ വിവരിക്കാം. 

No comments:

Post a Comment