Saturday, 14 July 2018

ഖുർആനും മനുഷ്യ കൈകടത്തലും - ഭാഗം 6 : ഹഫ്‌സും വർശും തമ്മിലുള്ള വ്യത്യാസങ്ങൾ

 ഇന്ന് നിലവിലുള്ള ഖുർആൻ  ഒന്നല്ല എന്നും 7 ഓളം ഖുർആനുകൾ ആധികാരികമെന്ന് വിശ്വസിച്ചു പോരുന്നു എന്നും കഴിഞ്ഞ ഭാഗത്തിൽ വിശദീകരിച്ചിരുന്നു. ഇനി അവയിൽ പ്രധാനപ്പെട്ട ഹഫ്‌സും വർശും തമ്മിലുള്ള വിത്യാസം എത്രത്തോളമെന്ന് പരിശോധിക്കാം.

കയ്യിലുള്ള ഖുർആൻ ഹഫ്‌സ്‌ ആണോ വർശ് ആണോ എന്ന് തിരിച്ചറിയാനുള്ള എളുപ്പവഴി ഫാതിഹ സൂറത്തിലെ ബിസ്‌മി ഒന്നാമത്തെ വചനമായി അടയാളപ്പെടുത്തിയിട്ടുണ്ടോ ഇല്ലയോ എന്ന് നോക്കിയാണ്.

ബിസ്‌മി ഒന്നാമത്തെ വചനമാണെങ്കിൽ ഹഫ്‌സും അല്ലെങ്കിലത്‌ വർശുമാണ്. ഈ കാരണം കൊണ്ട് തന്നെ ബിസ്മി ഫാതിഹയുടെ ഭാഗമാണോ അല്ലയോ എന്ന് ഇന്നും ചില മുസ്ലിം പണ്ഡിതന്മാർക്കിടയിൽ തർക്കം നില നില്കുന്നു.

ഇനി മറ്റു ചില വ്യത്യാസങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം





ചില വ്യത്യാസങ്ങൾ മാത്രമാണ് മുകളിൽ നൽകിയിരിക്കുന്നത്.  ഇതിൽ അർത്ഥ വ്യത്യാസമുള്ള വചനങ്ങൾ എല്ലാം തന്നെ ഇന്നും പണ്ഡിതന്മാർക്കിടയിൽ തർക്കവിഷയമാണ്. പല പരിഭാഷകളും അവരവർക്ക് യോജിച്ചതെന്ന് തോന്നുന്ന പരിഭാഷയാണ് നൽകിയിരിക്കുന്നത്.

ഉദാഹരണത്തിന്,   ഖുർആനിലെ 28:48 എന്ന വചനത്തിനു അബ്ദുൽ ഹമീദും കുഞ്ഞു മുഹമ്മദും കൂടി എഴുതിയ പരിഭാഷയിൽ "സിഹ്‌റാനി" എന്ന അറബി പദത്തിനു "രണ്ടു ജാലവിദ്യകൾ" എന്നും മുഹമ്മദ് കാരക്കുന്ന് എഴുതിയ പരിഭാഷയിൽ "രണ്ടു ജാലവിദ്യക്കാർ" എന്നാണു നൽകിയിരിക്കുന്നത്.

തഫ്സീറുകളുടെ സ്ഥിതിയും ഇത് തന്നെയാണ്.  ഖുർആനിന്റെ ആദ്യത്തെ സൂറത്തിലെ വചനം ഹഫ്‌സിൽ "ബിസ്മി" ആയിട്ട് പോലും അതിനു തഫ്‌സീർ എഴുതിയ അമാനി മൗലവി "അൽഹംദു" എന്ന് തുടങ്ങുന്ന വചനമാണ് ആദ്യ വചനമായി എഴുതിയിരിക്കുന്നത്.

കാരണം, ഇന്ന് ധാരാളമായി ഉപയോഗത്തിലുള്ള ഹഫ്‌സ്‌ മുസ്ഹഫിൽ ബിസ്‌മി ഒന്നാമത്തെ വചനമാണ്. എന്നാൽ ഹദീസുകൾ പരിശോദിച്ചാൽ ഒന്നാമത്തത്തെ വചനം അൽഹംദു ആണ്. (ബുഖാരി 6.61.528) 

ഖുർആനിന്റെ ആദ്യ വചനം മുതൽ മനുഷ്യരുടെ കൈകടത്തലുകൾക്ക് വിധേയമായി എന്നത് പകൽ വെളിച്ചം പോലം സത്യമാണെന്ന് ഇതിൽ നിന്നെല്ലാം വളരെ വ്യക്തമായി മനസ്സിലാക്കാവുന്നതാണ്.

ഇനി ബാക്കിയാകുന്ന ചോദ്യങ്ങൾ ഇവയാണ്.

1. ഈ പറഞ്ഞ ഖുർആനുകളിൽ ഏതാണ് ശെരിയായ ഖുർആൻ?
2. പ്രവാചകനു അല്ലാഹു ഇറക്കി നൽകിയ ഖുർആനിൽ ഇതിൽ ഏതാണ്?
3. അല്ലാഹുവിന്റെ അടുത്തുള്ള ഫലകത്തിൽ ഇതിലെ ഏതു ഖുർആൻ ആണ്?    

ഇനി ഒരിക്കലും ഉത്തരം കിട്ടാത്ത ഈ  ചോദ്യങ്ങളിലാണ് ഖുർആനിന്റെ ചരിത്രവും ശാസ്‌ത്രവും പഠിക്കുന്ന ഏതൊരാളും എത്തിച്ചേരുന്നത്.

ഖുർആനും മനുഷ്യ കൈകടത്തലും - ഭാഗം 5 : യഥാർത്ഥ ഖുർആൻ ഏതു?

പ്രവാചകന്റെ ജീവിച്ചിരിക്കുമ്പോൾ ഖുർആൻ പുസ്തകരൂപത്തിലോ അല്ലെങ്കിൽ ഒരുമിച്ച് ക്രോഡീകരിക്കുകയോ ചെയ്തിരുന്നില്ല എന്നും  ഒന്നാം ഖലീഫയുടെ കാലത്താണ് ഖുർആൻ ആദ്യമായി ക്രോഡീകരിച്ചതെന്നും, ഒന്നാം ഭാഗത്തിലും

മൂന്നാം ഖലീഫയായ ഉസ്മാന്റെ കാലത്തു പല ഏഴു ഗോത്രഭാഷകളിലായിരുന്ന ഖുർആനിനെ പിന്നീട് വീണ്ടും ഒന്നാക്കിയതും ബാക്കിയുള്ളവ കത്തിച്ചതിനെ കുറിച്ച്  മൂന്നാം ഭാഗത്തിലും

പ്രവാചകന് ലഭിച്ച ഖുർആൻ പൂർണ്ണമായി ഇന്ന് നിലനിൽക്കുന്നില്ല എന്നതിനുള്ള തെളിവുകൾ നാലാം ഭാഗത്തിലും 

ഇന്നും വ്യത്യസ്തങ്ങളായ ഒന്നിലധികം ഖുർആൻ നിലനിൽക്കുന്നുണ്ട് എന്നതിനുള്ള തെളിവുകൾ രണ്ടാം ഭാഗത്തിലും വിവരിക്കുകയുണ്ടായി.

ഇനി ഇന്ന് ഒന്നിലധികം ഖുർആൻ നിലനിൽക്കുന്നതിന്റെ കാരണം താഴെ വിവരിക്കാം.

ഉസ്മാൻ ഖലീഫയുടെ ഖുർആനിൽ വള്ളിയോ പുള്ളിയോ കുത്തോ ആയത്തുകളെ വേർതിരിച്ചറിയാൻ വേണ്ടി ഉപയോഗിക്കുന്ന അടയാളങ്ങളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഇതിന്റെ കോപ്പികൾ എന്ന് വിശ്വസിക്കപ്പെടുന്ന ഖുർആൻ പൂർണ്ണമായും അല്ലെങ്കിലും അധികവും  ഇന്നും തുർക്കിയിലെ ഒരു പള്ളിയിലും ഉസ്‌ബെക്കിസ്ഥാനിലെ ഒരു പള്ളിയിലും ലഭ്യമാണ്. അതിന്റെ ചിത്രമാണ് ചുവടെ.


ഖുർആനിലെ 7 ആമത്തെ സൂറത്തിലെ 86-87 വചനങ്ങളാണ് മുകളിലെ ചിത്രത്തിൽ. ഇന്നും നാം കാണുന്ന ഖുർആനും ഉസ്മാൻ ഖലീഫയുടെ കാലത്തെ ഖുർആനും തമ്മിലുള്ള അന്തരം മനസ്സിലാക്കുവാൻ കൂടുതൽ വിശദീകരിക്കണം എന്ന് തോന്നുന്നില്ല.

ഈ കാണുന്ന ഖുർആനിൽ പിൻകാലത്ത് കുത്തും വള്ളിയും പുള്ളിയും എല്ലാം ചേർക്കപ്പെടുകയാണുണ്ടായത്.

അങ്ങനെ പലരും പല രീതിയിൽ ചേർത്ത് എഴുതിയ ഖുർആനിനെ പണ്ഡിതന്മാർ ഏഴാം നൂറ്റാണ്ടിലോ അതിനു ശേഷമോ ക്രോഡീകരിച്ചു അതിൽ 7 എണ്ണത്തിനെ ആധികാരികം എന്ന് തീരുമാനിച്ചു.

ഇനി ഈ ഓരോ ഖുർആനും വീണ്ടും ഹർഫുകൾ ചേർത്തു രണ്ടു രീതിയിൽ വായിക്കുവാൻ സാധിക്കുന്നതായിരുന്നു. അങ്ങനെ ആകെ 14 ഖുർആനുകൾ അഥവാ മുസ്ഹഫുകൾ ഇന്ന് ആധികാരികമാണെന്നാണ് ഇസ്‌ലാമിക പണ്ഡിതന്മാർ വിശ്വസിക്കുന്നത്. ആ മുസ്ഹഫുകളുടെ വിവരങ്ങളാണ് താഴെ കൊടുത്തരിക്കുന്നത്.

എഴുത്തു പ്രതി
വായന ശൈലി
ഇപ്പോൾ ഉപയോഗത്തിലുള്ള സ്ഥലം
നാഫി
വർശ്
അൾജീരിയ, മൊറോക്കോ,  ടുണീഷ്യ, സുഡാനിലും ആഫ്രിക്കയിലും
ഖാലൂൻ
ലിബിയ, ടുണീഷ്യ, ഖത്തറിലെ ചില ഭാഗങ്ങളിൽ
ഇബ്ൻ കസീർ
അൽ ബസ്സി
ഖുൻബുൽ
അബു അംറ് അൽ അലാ
അൽ ദൂരി
സുഡാനിലും ആഫ്രിക്കയിലും
അൽ സൂരി
ഇബ്ൻ അമീർ
ഹിഷാം
യെമെനിൽ
ഇബ്ൻ ദഖ്‌വാൻ
ഹംസ
ഖലഫ്
ഖല്ലാദ്
അൽ കിസാഇ
അൽ ദൂരി
അബുൽ ഹാരിസ്
അബു ബക്കർ അൽ ആസിം
ഹഫ്‌സ്‌
മുസ്ലിം ലോകത്ത് പൊതുവായി
ഇബ്ൻ അയ്യാശ്

https://islamqa.info/en/5142
https://en.wikipedia.org/wiki/Qira%27at
http://www.alifta.net/Fatawa/FatawaChapters.aspx?languagename=en&View=Page&PageID=1047&PageNo=1&BookID=7
http://www.alifta.net/Fatawa/FatawaChapters.aspx?languagename=en&View=Page&PageID=1045&PageNo=1&BookID=7

ഖുർആനുകൾ അല്ലെങ്കിൽ മുസ്ഹഫുകൾ അവയുടെ വായനരീതിയുടെ ഉടമസ്ഥനായ പണ്ഡിതൻറെ പേരിലാണ് അറിയപ്പെടുന്നത്. അത് കൊണ്ടാണ് ഹഫ്‌സ്‌ എന്നും വർശ് എന്നും ചുരുക്കി വിളിക്കുന്നത്.

ഇതിൽ വർശും ഖാലൂനും തമ്മിൽ വായന രീതിയിൽ മാത്രമേ വിത്യാസമുള്ളൂ. രണ്ടിന്റെയും കൈയെഴുതി പ്രതികൾ തമ്മിൽ വ്യത്യാസമൊന്നുമില്ല. രണ്ടിനും നാഫി ഇമാമിന്റെ രീതിയിലാണ് എഴുത്ത്.
അത് പോലെ തന്നെയാണ് മറ്റു മുസ്ഹഫുകളും.

ഇവിടെ വളരെ പ്രസക്തമായ ഒരു ചോദ്യം ബാക്കിയാണ്.

ഇന്ന് നമ്മുടെ കയ്യിലുള്ള ഖുർആൻ ആണ് യഥാർത്ഥ ഖുർആൻ എങ്കിൽ തുർക്കിയിലുള്ള ഖുർആനിൽ ഉള്ളത് ഏതാണ്?

അതല്ല, തുർക്കിയിലുള്ള ഖുർആൻ ആണ് യാഥാർത്ഥമെങ്കിൽ ഇന്ന് നമ്മുടെ കയ്യിലുള്ളത് എന്താണ്?

രണ്ടും ശെരിയാണെങ്കിൽ മനുഷ്യർ ഖുർആനിൽ കൈകടത്തി എന്ന് അംഗീകരിക്കേണ്ടി വരും. അല്ലാതെ രണ്ടു ഖുർആനുകൾ അഥവാ മുസ്ഹഫുകൾ ഉണ്ടാവുകയില്ല.

ഇനി തുർക്കിയിലെ ഖുർആൻ ആണ് ശെരിയായ ഖുർആൻ എങ്കിൽ അത് എങ്ങനെ വായിക്കണമെന്നോ ആയത്തുകൾ തമ്മിൽ എങ്ങനെ തിരിച്ചറിയണമെന്നോ ഇന്ന് നമുക്ക് ഒരു സൂചനയും ലഭ്യമല്ല. അത് എത്ര രീതിയിൽ വേണമെങ്കിലും വായിക്കാം ഓരോ വായനക്കും ഓരോ അർത്ഥമായിരിക്കും.

ഇനി ഇന്നത്തെ ഖുർആൻ ആണ് ശെരിയെങ്കിൽ ഈ പതിനാലു എണ്ണത്തിൽ ഏതു തിരഞ്ഞെടുക്കും എന്നതും ചോദ്യമാണ്.

അതിനായി കൂടുതലായി ഉപയോഗത്തിലുള്ള ഹഫ്‌സും വർഷും  തമ്മിലുള്ള വ്യത്യാസങ്ങൾ ഖുർആനിന്റെ അർത്ഥത്തെ ബാധിക്കുമോ ഇല്ലയോ എന്നും  അടുത്ത ഭാഗത്തിൽ വിശദീകരിക്കാം. 

Friday, 13 July 2018

ഖുർആനും മനുഷ്യ കൈകടത്തലും - ഭാഗം 4 : നഷ്ടപ്പെട്ടുപോയ വചനങ്ങൾ


പ്രവാചകൻ  മരിക്കുമ്പോൾ ഖുർആൻ പുസ്തകരൂപത്തിൽ ആക്കപ്പെട്ടിരുന്നില്ല എന്ന് ഒന്നാം ഭാഗത്തിൽ പറഞ്ഞിരുന്നുവല്ലോ. (ബുഖാരി 6.60.201) 

അബൂബക്കറിന്റെ നേതൃത്തത്തിൽ തയ്യാറാക്കിയ ആദ്യ ഖുർആനിൽ അഥവാ മുസ്ഹഫിൽ പ്രവാചകന് അവതരിച്ച എല്ലാ വചനങ്ങളും ഇല്ലായിരുന്നു. ഇതും ഭൂരിഭാഗം വിശ്വാസികൾക്കും ഒരു പുതിയ അറിവായിരിക്കും. ഇത് സുന്നി ഇസ്‌ലാമിക പണ്ഡിതന്മാരെല്ലാം ഐക്യകണ്ടെന അംഗീകരിക്കുന്ന കാര്യമാണ്. പൊതു ജനങ്ങളിലേക്ക് എത്തിക്കാറില്ല എന്ന് മാത്രം.  ഇതിന്റെ തെളിവുകൾ ഞാൻ ചുവടെ കൊടുത്തിട്ടുണ്ട്. 

രണ്ടാം ഖലീഫയായ ഉമർ റിപ്പോർട്ട് ചെയ്ത ഹദീസ് കാണുക:  "വിവാഹിതരായവർ വ്യഭിചാരം ചെയ്‌താൽ അവരെ കല്ലെറിഞ്ഞു കൊല്ലുവാനുള്ള വചനവും ഖുർആനിൽ അവതരിച്ചിരുന്നു. അത് പ്രവാചകൻ നടപ്പിലാക്കുകയും ചെയ്‌തിരുന്നു. കാലങ്ങൾക്ക് ശേഷം വരുന്നവർ ആ വചനം ഖുർആനിൽ ഇല്ലല്ലോ എന്നും പറഞ്ഞു അത് നടപ്പിലാകാതെയിരിക്കുമോ എന്നും ഞാൻ ഭയപ്പെടുന്നു." (ബുഖാരി 8.82.817) 

വിവാഹത്തിന് ശേഷം വ്യഭിചാരം ചെയ്തവരെ കല്ലെറിഞ്ഞു കൊല്ലണം എന്നത് ഇസ്‌ലാമിക നിയമമായി ഇസ്‌ലാമിക രാജ്യങ്ങളിൽ ചിലതിൽ നടപ്പിലാക്കുന്നുണ്ട്. അതിനു ഹദീസുകളാണ് ആധാരം. കാരണം അത്തരത്തിലൊരു നിയമം ഖുർആനിൽ ഇന്ന് കാണുവാൻ സാധിക്കില്ല.

പ്രവാചകന്റെ ഭാര്യയായ ആയിഷ ഇപ്രകാരം പറഞ്ഞിട്ടുണ്ട്:
"ഒരാൾക്ക് ഒരു സ്ത്രീ പത്തു തവണ മുലപ്പാൽ കൊടുത്തിട്ടുണ്ടെങ്കിൽ, ആ സ്ത്രീയെ അയാൾ വിവാഹം കഴിക്കുന്നത് വിലക്കിയിട്ടുള്ള വചനം ഖുർആനിൽ അവതരിച്ചിരുന്നു. അതിനു ശേഷം അത് അഞ്ചു തവണയായി ചുരുക്കിയുമുള്ള വചനം അവതരിച്ചു. പ്രവാചകന്റെ മരണത്തിനു മുൻപ് അത് ഖുർആനിൽ ഉണ്ടായിരുന്നു". (മുസ്ലിം 8.3421) 

മുലകുടി ബന്ധം മുൻകാലത്ത് ഇസ്‌ലാമിൽ നിലനിന്നിരുന്നതാണ്. ഇന്നും ചിലയിടങ്ങളിൽ നിലനിൽക്കുന്നുണ്ട്. പ്രവാചകന് പോലും മുലപ്പാൽ കൊടുത്തു വളർത്തിയത് മറ്റൊരു സ്ത്രീയായിരുന്നുവല്ലോ. ഇതുമായി ബന്ധപ്പെട്ടു അവതരിച്ച ഖുർആൻ ആയതാണ് ഇന്ന് നാം കാണുന്ന ഖുർആനിൽ ഇല്ലാത്തത്. 

ഇനി മറ്റു ചില വചനങ്ങളെ കുറിച്ച് കൂടി താഴെ കൊടുത്തിട്ടുണ്ട്.

ബറാഅത് സൂറത്തിന്റെ നീളത്തിലും കാഠിന്യത്തിലുമുള്ള മറ്റൊരു സൂറത്തുണ്ടായിരുന്നു എന്നാൽ ഞങ്ങളത് മറന്നു പോയി. അത് പോലെ തന്നെ മുസബ്ബിത് സൂറത്തിനോട് സാദൃശ്യമുള്ള മറ്റൊരു സൂറത്തും ഞങ്ങൾ ഓതുമായിരുന്നു, അതും ഞങ്ങൾ മറന്നു പോയി. അവയിൽ നിന്നെല്ലാം വളരെ കുറച്ചു മാത്രം ഓർമയുണ്ട്. (മുസ്ലിം 5.2286)

ചില വചനങ്ങൾ ഖുർആനിന്റെ ഭാഗമാണോ അല്ലയോ എന്ന് സഹാബിമാർക്കു തന്നെ സംശയം ഉണ്ടായിരുന്നു. (മുസ്ലിം 5.2285)

ഇതുപോലെയുള്ള ഒരുപാട് ആയത്തുകളെ കുറിച്ച് ഹദീസുകളിൽ കാണുവാൻ സാധിക്കും. രണ്ടാം ഖലീഫയായ ഉമറിന്റെ മകൻ അബ്ദുള്ള പറഞ്ഞതായി ഇമാം സുയൂത്തി ഇപ്രകാരം രേഖപ്പെടുത്തിയിട്ടുണ്ട്.

"നിങ്ങളിലാരും എനിക്ക് ഖുർആൻ മുഴുവനും ലഭിച്ചു എന്ന് പറയരുത്, മറിച്ചു ഖുർആനിൽ നിന്നും എന്ത് അവശേഷിച്ചോ അത് ലഭിച്ചു എന്നേ പറയാവൂ. കാരണം ഖുർആനിൽ നിന്നും അധികമായി നമുക്ക് നഷ്ടപ്പെട്ടു പോയി".
(ഉലൂമുൽ ഖുർആൻ വാല്യം 2: പേജ് 25)

ഖുർആൻ നഷ്ടപ്പെട്ടു പോയോ എന്ന ചിന്ത ഒരു വിശ്വാസിയിൽ ചില സംശയങ്ങൾക്കും അല്ലെങ്കിൽ ഈ വായിച്ചതെല്ലാം ഉൾകൊള്ളുവാനുള്ള ബുദ്ധിമുട്ടും ഉണ്ടാക്കിയേക്കാം. എന്നാൽ ഇതിനു പരിഹാരമായി ഇസ്‌ലാമിക പണ്ഡിതന്മാർ താഴെ കൊടുത്തിരിക്കുന്ന വചനമാണ് ഉദ്ധരിക്കാറുള്ളത്.

"ഏതെങ്കിലും വചനത്തെ നാം ദുർബലമാകുകയോ മറപ്പിക്കുകയോ ചെയ്യുകയാണെങ്കിൽ പകരം തുല്യമായതോ അതിനേക്കാൾ മികച്ചതോ നാം കൊണ്ട് വരുന്നതാണ്. നിനക്കറിയില്ലേ അല്ലാഹു എല്ലാ കാര്യത്തിനും കഴിവുറ്റവനാണെന്ന്." (ഖുർആൻ 2.106)

അഥവാ ദുർബലമാക്കപ്പെട്ടതോ മറന്നു പോയതോ നഷ്ടപ്പെട്ടതോ ആയ വചനങ്ങൾക്ക് പകരമായതോ അല്ലെങ്കിൽ അതിനേക്കാൾ മികച്ചതോ ആയ വചനങ്ങൾ ഖുർആനിൽ അല്ലാഹു കാത്തു സംരക്ഷിച്ചിട്ടുണ്ട് എന്ന് ചുരുക്കം.

പ്രവാചകന അവതരിച്ച ഖുർആനും ഇന്ന് നിലനിൽക്കുന്ന ഖുർആനും തമ്മിൽ ഒരു മാറ്റവുമില്ല എന്ന അവകാശം പൊള്ളയാണെന്ന് ഇതിൽ നിന്നെല്ലാം വളരെ വ്യക്തമായി മനസ്സിലാക്കാവുന്നതാണ്. ഖുർആനിന്റെ ശാസ്ത്രവും ചരിത്രവും അൽപമെങ്കിലും  പഠിച്ചിട്ടുള്ളവർക്കെല്ലാം  ഇത് അറിയാവുന്ന വസ്തുതയാണ്.

പ്രവാചൻറെ കാലത്തു തന്നെ ഒന്നിലധികം ഖുർആൻ ഉണ്ടായിരുന്നു എന്നും പ്രവാചകനറെ കാലത്തുണ്ടായിരുന്ന ഖുർആൻ പൂർണ്ണമായി ഇന്ന് നിലനിൽക്കുന്നുമില്ല എന്നും മനസ്സിലാക്കിയ വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഇന്നത്തെ ഒന്നിലധികം ഖുർആനിനെ കുറിച്ച് അധികം ഇനി വ്യാകുലപ്പെടുമെന്ന്  തോന്നുന്നില്ല.

ഇനി ഇന്ന് നിലനിൽക്കുന്ന ഹഫ്‌സിനെയും വർഷിനെയും കുറിച്ച് അടുത്ത ഭാഗത്തിൽ വിവരിക്കാം. 

Thursday, 12 July 2018

ഖുർആനും മനുഷ്യ കൈകടത്തലും - ഭാഗം 2 : ഒന്നിലധികം ഖുർആനുകൾക്കുള്ള തെളിവുകൾ

ഖുർആൻ ഒന്ന് മാത്രമേ ഉള്ളു എന്നും ലോകത്തിലെ ഏതു ഖുർആൻ എടുത്തു നോക്കിയാലും ഒരു വള്ളി പുള്ളി വിത്യാസം പോലും കാണില്ല എന്ന് മാത്രം കേട്ട് ജീവിച്ചവരാണ് ഭൂരിഭാഗം മുസ്ലിങ്ങളും.

അവരിലൊരാളാണ് നിങ്ങളെങ്കിൽ ഹഫ്‌സ്‌ എന്നും വർശ് എന്നും പേരിൽ രണ്ടു ഖുർആൻ നിലവിലില്ല എന്നും ലേഖകന് തെറ്റുപറ്റിയതാണ് എന്നുമുള്ള മുൻവിധിയോട് കൂടിയുമായും ഇത് വായിക്കുക.

അത് കൊണ്ട് തന്നെ ആദ്യം അത്തരത്തിൽ രണ്ടു ഖുർആൻ നിലവിലുണ്ടോ എന്നതിനുള്ള തെളിവുകൾ എന്തെല്ലാമാണെന്ന് നോക്കാം.

സൗദിയിലെ ഗ്രാൻഡ് മുഫ്‌തി ആയിരുന്ന ഇബ്ൻ ബാസിന്റെ ഫത്വ ചുവടെ ചേർക്കുന്നു.
http://www.alifta.net/Fatawa/FatawaChapters.aspx?languagename=en&View=Page&PageID=1047&PageNo=1&BookID=7

വർശ് എന്ന ഖുർആനും ഹഫ്‌സ്‌ പോലെ തന്നെ ആധികാരികം ആണെന്നാണ്  അദ്ദേഹം ഫത്വയിൽ പറയുന്നത്.

സലഫീ പ്രസ്ഥാനത്തിന്റെ സ്ഥാപകനായ ഇബ്ൻ തയ്മിയ പറഞ്ഞിരിക്കുന്നത് ചുവടെ ചേർത്തിട്ടുണ്ട്.

അബു അമറിന്റെ (ഹഫ്‌സിനും വർഷിനും പുറമെയുള്ള മുസ്ഹഫ്) പാരായണ രീതിയിൽ ഒരു ഭാഗവും നാഫിയുടെ(വർശ്) പാരായണ രീതിയിൽ ഒരു ഭാഗവും ചേർത്ത് ഖുർആൻ ഖുർആൻ ഓതുന്നത് അനുവദനീയമാണ്. (മജ്‌മൂ ഫതാവാ ഇബ്ൻ തയ്മിയ്യ 22/445)  

ഇമാം ഷാഫിയുടെ ശിഷ്യനും രണ്ടാം ഷാഫി എന്നറയിപ്പെടുന്ന ഇമാം നവവിയും അദ്ദേഹത്തിൻറെ അൽ മജ്മൂ ശർഹൽ മുഹദ്ദബ് (3/ 392 ) എന്ന ഗ്രന്ധത്തിലും ഇത് പോലുള്ള വായനാ രീതിയെ കുറിച്ച് പറഞ്ഞിട്ടുണ്ട്. 

ഖുർആനിന്റെ ചരിത്രമോ തഫ്സീറുകളോ വായിക്കുന്നവർക്ക് ഇതിനെ കുറിച്ച് ധാരാളമായി വായിക്കാൻ ലഭിക്കുന്നതാണ്. ചുരുക്കത്തിൽ ഖുർആനിന് അംഗീകരിക്കപ്പെട്ട 10 ഓളം വായനാ രീതികളുണ്ട്, അഥവാ മുസ്ഹഫുകളുണ്ട്.

സൗദിയിലെ കിംഗ് ഫഹദ് ഖുർആൻ പ്രിൻറിംഗ് കോംപ്ലക്സിൽ നിന്നും ഹഫ്‌സും വർഷും അദ്ദൂരിയും ഉൾപ്പടെ മൂന്നു തരം ഖുർആൻ പ്രിൻറ് ചെയ്യുന്നുണ്ട്. അതിനേ കുറിച്ച അവരുടെ ആധികാരിക വെബ്‌സൈറ്റിയിൽ വായിക്കാവുന്നതാണ്.
http://qurancomplex.gov.sa/Display.asp?section=5&l=eng&f=faqs_eng002.htm&trans= 

ഇതിൽ രണ്ടെണ്ണം മാത്രമാണ് ഇന്ന് കൂടുതലായും ഉപയോഗത്തിലുള്ളത്, അതിൽ തന്നെ ധാരാളമായി ഉപയോഗത്തിലുള്ളത് ഹഫ്‌സ്‌ എന്ന മുസ്ഹഫ് ആണ്. ഇതേ കാരണം കൊണ്ടാണ് ഒരു സാധാരണ വിശ്വാസി ഇതിനെ കുറിച്ച് അജ്ഞനായിരിക്കുന്നത്.

ഈ രണ്ടു ഖുർആനുകൾ താഴെ കാണുന്ന ലിങ്കിൽ നിന്നും ഡൗൺലോഡ് ചെയ്യുവാൻ ലഭിക്കും.

ഹഫ്സ്  https://drive.google.com/open?id=1HwVywFaYSaXqGh4mrCywq23GlRG0bVs1

വർശ്  https://drive.google.com/open?id=1ufeSt9UXadCBIrn-EKaYPnsezv7i3YSW

ഈ മുസ്ഹഫുകൾ വാങ്ങുവാൻ ആഗ്രമുള്ളവർക്ക് താഴെ കൊടുത്തിരിക്കുന്ന വെബ്‌സൈറ്റുകളിൽ  നിന്നും വാങ്ങാവുന്നതാണ്.

http://www.easyquranstore.com/tajweed-quran-in-other-narrations-rewayat/ 

http://daralsalam.com/en/Books/ListQuran?n=2

https://dar-us-salam.com/quran/mushaf-tajweed/qt07-tajweed-quran-warsh-reading-large-hb.html

ഹഫ്‌സും വർഷും എന്ന രണ്ടു മുസ്ഹഫുകൾ ഉണ്ടെന്നതിനുള്ള തെളിവുകൾ മുകളിൽ കൊടുത്തത് മതിയാകുമെന്ന് വിശ്വസിക്കുന്നു.

ഇനി എന്ത് കൊണ്ട് ഇത്തരം മുസ്ഹഫുകൾ നിലവിൽ വന്നു എന്ന് അടുത്ത ഭാഗത്തിൽ വിശദീകരിക്കാം.
        

ഖുർആനും മനുഷ്യ കൈകടത്തലും - ഭാഗം 1 : സംരക്ഷണരീതി

ഖുർആനിനെ അല്ലാഹു തന്നെ സംരക്ഷിക്കുമെന്ന് ഖുർആനിൽ പറഞ്ഞിരിക്കുന്നത് തന്നെയാണ് ഇസ്‌ലാം മത വിശ്വാസികൾ ഖുർആനിൽ യാതൊരുവിധ തെറ്റുകളോ കുറവുകളോ ഇല്ല എന്ന് വിശ്വസിക്കാൻ കാരണം.

തീര്‍ച്ചയായും നാമാണ് ഈ ഉല്‍ബോധനം (ഖുര്‍ആന്‍) ഇറക്കിയത്. നാം തന്നെ അതിനെ കാത്തുരക്ഷിക്കുകയും ചെയ്യും. 15.9

തീർച്ചയായും ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം അത് മതിയായ തെളിവ് തന്നെയാണ്.

ഇനി ഖുർആനിനെ സംരക്ഷിക്കും എന്ന് പറഞ്ഞിരിക്കുന്നത് എങ്ങനെയാണെന്ന് പരിശോധിക്കാം.

ഖുർആനിൽ തെറ്റുകൾ കടന്നു കൂടാതെ അഥവാ മനുഷ്യരുടെ കൈകടത്തലുകൾ കടന്നു കൂടാതെ സംരക്ഷിക്കപ്പെടും എന്ന് തന്നെയാണ് ഇത് കൊണ്ടുള്ള ഉദ്ദേശം എന്നതിൽ തർക്കമില്ല.

ഇനി ഒരാൾ ഒരു ഖുർആൻ എടുത്ത് അതിലെ ഒരു വചനം മാറ്റിയെഴുതി അച്ചടിച്ചാലോ?

അവിടെയാണ് ഖുർആനിൻ്റെ സംരക്ഷണ രീതിയുടെ പ്രസക്തി. ഖുർആൻ തലമുറകൾ കൈമാറി വന്നത് മനഃപാഠമായിട്ടാണ്. ഇന്നും ഖുർആൻ മനഃപാഠമാക്കിയ ധാരാളം ആളുകളെ കാണുവാൻ സാധിക്കും.

മസ്‌ജിദുകളിലും പോയവർക്ക് അറിയാം, ഇമാമിന് ഖുർആൻ ഓതുമ്പോൾ ഒരു തെറ്റ് പറ്റിയാൽ അത് പിന്തുടരുന്ന ഒന്നോ അതിലധികമോ വരുന്ന ആളുകൾ തിരുത്തി കൊടുക്കുന്നത് ഒരിക്കലെങ്കിലും കേട്ടിട്ടുള്ളവർ ആയിരിക്കും  ഭൂരിഭാഗം വരുന്നപുരുഷന്മാരും. (സ്ത്രീകൾ ധാരാളമായി പള്ളികളിൽ പോകുന്ന ഇടങ്ങളിലെ സ്ത്രീകളും)

മാത്രമല്ല, പ്രവാചകൻ മരിക്കുമ്പോൾ ഖുർആൻ ഒരു ഗ്രന്ഥ രൂപത്തിലായി ക്രോഡീകരിച്ചിരുന്നില്ല എന്നത് കൂടി ഇവിടെ ചേർത്തു വായിക്കേണ്ടതാണ്.

പ്രവാചകന്റെ മരണ ശേഷം ഖലീഫയായി പ്രഖ്യാപിക്കപ്പെട്ട (തിരഞ്ഞെടുക്കപ്പെട്ടതല്ല - അതിനെ കുറിച്ച് ഇവിടെ വായിക്കാവുന്നതാണ്) അബൂ ബക്കറിൻറെ നേതൃത്തത്തിൽ  കുറഞ്ഞത് രണ്ടു പേരെങ്കിലും ഇത് ഖുർആനിൻറെ ഭാഗമാണ് എന്ന് സാക്ഷ്യപ്പെടുത്തിയതിനു ശേഷമാണ് ഓരോ ആയത്തും ഖുർആനിൽ ചേർത്തത്. ഒരു യുദ്ധത്തിൽ ഖുർആൻ മനഃപാഠമാക്കിയ ധാരാളം മുസ്ലിങ്ങൾ മരണപ്പെട്ടപ്പോഴാണ് അദ്ദേഹം ഇത്തരമൊരു തീരുമാനമെടുത്തത്. (ബുഖാരി 6.60.201) 

അത് കൊണ്ട് തന്നെ ഇന്ന് നിലവിലുള്ള എല്ലാ ഖുർആനുകളും അഥവാ അത് അച്ചടിച്ച ഗ്രന്ഥങ്ങളും (മുസ്ഹഫ്) കത്തിച്ചാൽ പോലും ഖുർആൻ നഷ്ടപ്പെടില്ല. ഇന്ന് ജീവിച്ചിരിക്കുന്ന ലക്ഷകണക്കിന് ആളുകളുടെ മനസ്സിൽ ഖുർആൻ സുരക്ഷിതമാണ്.

അപ്പോൾ ഖുർആൻ സംരക്ഷിക്കപ്പെടുക എന്ന് പറഞ്ഞാൽ അത് ഇന്ന് കാണുന്ന മുസ്ഹഫ് അല്ല.

ഖുർആൻ സംരക്ഷിക്കുക എന്ന് പറഞ്ഞാൽ അതിലെ വചനങ്ങളെ സംരക്ഷിക്കുക എന്നാണു. അതിനു നില നിന്ന് വന്ന രീതി അത് മനഃപാഠമാക്കുക എന്നതാണ്.     

അത് കൊണ്ട് തന്നെ ഖുർആനിൽ ആർക്കും അത്ര എളുപ്പത്തിൽ ഒന്നും ചേർക്കുവാനോ എടുത്തു കളയുവാനോ സാധിക്കില്ല.

എന്നാലിന്ന് ആധികാരികമെന്ന് വിശ്വസിക്കപ്പെടുന്ന ഖുർആൻ ഒന്നല്ല. 10 ഓളം പതിപ്പികളുണ്ട്. അവയിൽ ഏറ്റവും പ്രാധാന്യമേറിയത് ഹഫ്‌സ് എന്നും വർശ് എന്നും അറിയപ്പെടുന്നവയാണ്. അതിനെ കുറിച്ച് ഞാൻ രണ്ടാമത്തെ ഭാഗത്തിൽ പറയാം.

ഖുർആനും മനുഷ്യ കൈകടത്തലും - ഭാഗം 3 : ഏഴു ഖുർആനുകൾ

എന്ത് കൊണ്ട് ഒന്നിലധികം ഖുർആൻ നിലവിലുണ്ടായി അല്ലെങ്കിൽ അത് സത്യമാണോ എന്ന് അന്വേഷിക്കുന്ന ഒരു വിശ്വാസി ആദ്യം ചെന്നെത്തുന്നത് താഴെ കൊടുത്തിരിക്കുന്ന ഹദീസിലാണ്.

സ്വഹാബികൾ പരസ്‌പരം ഓതിയ ഖുർആൻ വചനങ്ങളിൽ വിത്യാസം ഉണ്ടായപ്പോൾ അവർ എല്ലാവരും തങ്ങൾ ഓതിയ രീതിയാണ് ശരിയെന്നും പ്രവാചകനിൽ നിന്നും തങ്ങൾ കേട്ടത് ഇങ്ങനെയാണെന്നും ഒക്കെയുള്ള തർക്കങ്ങളുണ്ടായി. അങ്ങനെ അവർ പ്രവാചകന്റെ അടുത്ത് ചെന്ന് രണ്ടു രീതിയും ഓതി കേൾപ്പിച്ചപ്പോൾ പ്രവാചകൻ രണ്ടും ശരിയാണെന്നു പറഞ്ഞു. എന്നിട്ട് പറഞ്ഞു "ഖുർആൻ എനിക്ക് ഏഴു രീതിയിൽ അവതരിച്ചിട്ടുണ്ട്. അതിനാൽ നിങ്ങൾ നിങ്ങൾക്ക് എളുപ്പമുള്ള രീതിയിൽ ഊതിക്കൊള്ളുക". (ബുഖാരി 6.61.514)

പ്രവാചകന്റെ അപേക്ഷ പ്രകാരം ജിബ്‌രീൽ ഏഴു രീതിയിൽ പ്രവാചകന് ഖുർആൻ നൽകിയതാണെന്ന് മറ്റൊരു ഹദീസിലും കാണാം. (ബുഖാരി 6.61.513)

അറബികളുടെ ഏഴു ഗോത്രഭാഷകളിലാണ് (അറബി തന്നെ) ഖുർആൻ അവതരിച്ചതെന്നു മറ്റു ഹദീസുകളിൽ കാണുവാൻ സാധിക്കും.

ഈ ഹദീസുകൾ വായിക്കുന്ന ഒരു വിശ്വാസി ഇതാണ് ഇന്ന് ഒന്നിലധികം ഖുർആൻ ഉള്ളതിന്റെ കാരണമെന്ന് തെറ്റിദ്ധരിച്ചേക്കാവുന്നതാണ്.

എന്നാൽ പ്രവാചകന്റെ മരണശേഷം പലരും ഇത് പോലെ പല രീതിയിൽ ഖുർആൻ ഓതുന്നത് കൊണ്ടും പലരുടെയും കയ്യിൽ പല വിധത്തിലുള്ള മുസ്ഹഫുകൾ ഉണ്ടായിരുന്നത് കൊണ്ടും അത് പല തർക്കങ്ങൾക്ക് വഴി വെച്ചത് കൊണ്ടും മൂന്നാം ഖലീഫയായ ഉസ്മാന്റെ  നേതൃത്വത്തിൽ അതിനേ ഒന്നാക്കി മാറ്റി. സ്വഹാബികൾ തമ്മിൽ തർക്കമുള്ള വചനങ്ങളിൽ  ഖുറൈശികളുടെ നാട്ടു ഭാഷയിൽ അവതരിച്ച രീതി തിരഞ്ഞെടുത്തു. എന്നിട്ട് ഈ പുതിയ കോപ്പി എല്ലാ മുസ്ലിം നാടുകളിലേക്കും അയച്ചു കൊടുക്കുകയും മറ്റുള്ളവ കത്തിക്കുകയും ചെയ്തു. (ബുഖാരി 6.61.510)

ഇതിൽ നിന്നും രണ്ടു കാര്യങ്ങൾ മനസ്സിലാക്കാവുന്നതാണ്

1. പ്രവാചകന്റെ കാലത്തും ഒന്നിലധികം ഖുർആനുകൾ അഥവാ മുസ്ഹഫുകൾ നിലനിന്നിരുന്നു.
2. ഖലീഫമാരുടെ കാലത്തും ഒന്നിലധികം ഖുർആനുകൾ നിലനിന്നിരുന്നു.

ഇത്രയും ഒക്കെ മനസ്സിലാകുന്ന ഒരു വിശ്വാസിക്ക് ഇപ്പോൾ ഒന്നിലധികം ഖുർആൻ ഉണ്ടെന്ന സത്യാവസ്ഥ മനസ്സിലാക്കുമ്പോൾ മുൻപത്തെ അത്രയും ബുദ്ധിമുട്ട് ഇനി അനുഭവപ്പെടുമെന്ന് തോന്നുന്നില്ല.

ഇനി ഉസ്മാൻ ഖലീഫ തയ്യാറാക്കിയ ഖുർആനിൽ പ്രവാചകന് അവതരിച്ച ഖുർആൻ മുഴുവനും ഉണ്ടായിരുന്നില്ല എന്നതാണ് മറ്റൊരു യാഥാർഥ്യം അതിനേ കുറിച്ച് കൂടി പറഞ്ഞതിന് ശേഷം ഇന്ന് കാണുന്ന ഒന്നിലധികം ഖുർആനിന്റെ ഉൽഭവത്തെ കുറിച്ച് പറയുന്നതാണ് ഉത്തമം. അതിനെ കുറിച്ച് ഇവിടെ വായിക്കാവുന്നതാണ്